തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദേശം നല്‍കി. പുഴകളില്‍ ജലനിരപ്പുയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റും.ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗങ്ങളെ വിവിധ മേഖലകളില്‍ വിന്യസിക്കും. തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലര്‍ത്താനും സാധ്യത മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു.
മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു. പകല്‍ സമയത്തും ഈ ഭാഗങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം. ശക്തമായ കാറ്റ് വീശുന്നതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന് കളക്ടര്‍ നിര്‍ദേശം നല്‍കി.