Red politics becoming film business : young MLA labyrinthine in saghav film

കൊച്ചി: കേരളത്തിലെ ഇടതു മനസ്സുകളെ കച്ചവടവല്‍ക്കരിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണിപ്പോള്‍ ഒരു പറ്റം സിനിമാക്കാര്‍.

കമ്യൂണിസ്റ്റുകളുടെ ത്യാഗോജ്വലമായ പോരാട്ട കഥ പറഞ്ഞ നിരവധി സിനിമകള്‍ മുന്‍പും മലയാളത്തിലുണ്ടായിട്ടുണ്ട്.

ലാല്‍സലാം, മീനമാസത്തിലെ സൂര്യന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ സിനിമകള്‍ ഒരു കാലത്ത് കുടുംബപേക്ഷകര്‍ തന്നെ ഏറ്റെടുത്ത സിനിമകളാണ്.

നീണ്ട ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും ചുവപ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്.

മെക്ലിക്കന്‍ അപാരതയില്‍ തുടങ്ങി സി ഐ എ യില്‍ വരെ എത്തി നില്‍ക്കുകയാണിത്.

ഇടതുപക്ഷ അണികളെ പ്രത്യേകിച്ച് എസ് എഫ് ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വന്‍തോതില്‍ ആകര്‍ഷിച്ചാണ് ടൊവിനോ നായകനായ മെക്‌സിക്കന്‍ അപാരതയുടെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ അപാരതയുടെ വീഡിയോ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത ഓപ്പണിങ്ങിനാണ് വഴിയൊരുക്കിയത്.

എന്നാല്‍ സിനിമയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കേവലം ആക്രമണം മാത്രമായി ചിത്രീകരിച്ചതും വിദ്യാര്‍ത്ഥി സഖാവായ നായകനെ കൊലപ്പെടുത്താന്‍ ലോക്കല്‍ നേതാവ് ആയുധം കൊടുത്തയക്കുന്ന രംഗവും ഇടത് പ്രവര്‍ത്തകരുടെ രോക്ഷത്തിനിടയാക്കി.

മഹാരാജാസിന്റെ കഥ പറയുന്ന മെക്‌സിക്കന്‍ അപാരതക്കെതിരെ എസ് എഫ് ഐ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറി തന്നെ പരസ്യമായി രംഗത്തു വരുന്ന സാഹചര്യവുമുണ്ടായി.

തിയ്യേറ്ററുകളിലേക്കുള്ള എസ് എഫ് ഐ പ്രവര്‍ത്തകരടക്കമുള്ള ഇടത് പ്രേക്ഷകരുടെ ഒഴുക്ക് നിലയ്ക്കാന്‍ ഈ രംഗങ്ങള്‍ കാരണമായതായാണ് സിനിമാ നിരൂപകരും ചൂണ്ടി കാട്ടുന്നത്.ഇതിന്റെ ഗുണം ലഭിച്ചതാകട്ടെ മറ്റൊരു പുതുമുഖ ചിത്രമായ അങ്കമാലി ഡയറീസിനും.

unnamed (4)

അപാരതക്ക് ശേഷം ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത് നിവിന്‍ പോളിയുടെ ‘ സഖാവ് ‘ എന്ന സിനിമയാണ്. ഇടത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പറ്റിയ പേര് തന്നെയാണ് ഈ ചിത്രത്തിനും.

സിനിമയുടെ അകത്ത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചു തുടങ്ങിയതോടെ ‘അപകടം’ മുന്നില്‍ കണ്ട് മറുതന്ത്രം ആവിഷ്‌ക്കരിച്ചിരിക്കുകയാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും തലശ്ശേരി എംഎല്‍എ യുമായ എ എന്‍ ഷംസീറിനെ കൊണ്ട് താരങ്ങളടങ്ങിയ റോഡ് ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു കൊണ്ടാണ് ‘സഖാവി’ന്റെ വരവ്.തലശ്ശേരി മുതല്‍ വടകര വരെയാണ് റോഡ് ഷോ. എസ് എഫ് ഐ ശക്തികേന്ദ്രങ്ങളായ തലശ്ശേരി ബ്രണ്ണന്‍ കോളജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരണമൊരുക്കിയത്.

സിനിമയിലെ ‘സഖാവിന്റെ ‘ അകത്ത് എന്താണെന്ന് അറിഞ്ഞിട്ടു മതിയായിരുന്നു യഥാര്‍ത്ഥ സഖാവ് ഉദ്ഘാടകനാകാന്‍ എന്ന അഭിപ്രായം ഒരു വിഭാഗം സിപിഎം, ഡിവൈഎഫ്‌ഐ അണികള്‍ക്കിടയിലും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

മെക്‌സിക്കന്‍ അപാരത ചൂണ്ടി കാട്ടിയാണ് ഈ അഭിപ്രായപ്രകടനം. ‘സഖാവ് ‘സിനിമ ഇടതു വിരുദ്ധ രാഷ്ട്രീയം പറഞ്ഞാല്‍ വിമര്‍ശനങ്ങള്‍ ഷംസീറും ഏറ്റു വാങ്ങേണ്ടി വരുമെന്നകാര്യം ഉറപ്പാണ്.

unnamed (3)

അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചുവപ്പന്‍ പടം ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക) യാണ്. അമേരിക്കന്‍ പതാകയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത പശ്ചാതലത്തില്‍ പുറത്തിറങ്ങിയ പോസ്റ്റര്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

സംശയ നിവാരണത്തിനായി സി ഐ എ എന്നത് കൊണ്ട് അമേരിക്കന്‍ ചാരസംഘടനയെ അല്ല ഉദ്യേശിക്കുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കഥ സംബന്ധമായി സംശയങ്ങള്‍ നിലനില്‍ക്കുക തന്നെയാണ്.

unnamed (5)

അതേസമയം എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ എസ് എഫ് ഐ നേതാവ് കൂടിയായ അമല്‍ നീരദിന്റെ സിനിമയില്‍ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമുണ്ടാകില്ലന്നും ശരിയായ രാഷ്ട്രീയം തന്നെ പറയുമെന്നുമുള്ള പ്രതീക്ഷയിലാണ് പഴയ സഹപ്രവര്‍ത്തകരടക്കമുള്ള സഖാക്കള്‍.

Top