red singnal for self finance colleges- SFI with the support of government

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രവേശനത്തിന് വന്‍ തുക കോഴ വാങ്ങിയും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും സ്വന്തം നിലക്ക് മുന്നോട്ട് പോവുന്ന സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ വെട്ടിലായി.

പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് മുഴുവന്‍ കോളേജുകളെയും നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വടി കയ്യിലെടുത്തിരിക്കുന്നത്.

കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ജിഷ്ണു മരിച്ചതെന്ന വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്വാശ്രയ കോളേജുകളില്‍ നിന്നും നിരവധി പീഡന കഥകളും അഴിമതി കഥകളും ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇതും ധിക്കാരികളായ മാനേജ്‌മെന്റുകളെ ഒതുക്കാന്‍ സര്‍ക്കാറിന് നല്ലൊരു ആയുധമാണ്.

ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ ആകട്ടെ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ സ്ഥാപനങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ച കാമ്പസുകളില്‍ യൂണിറ്റിട്ട് പ്രവര്‍ത്തനം തുടങ്ങാന്‍ 14 ജില്ലാ കമ്മറ്റികള്‍ക്കും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കെ.എസ്.യു, എ.ബി.വി.പി ,എം.എസ്.എഫ്, എ.ഐ.എസ്.എഫ് സംഘടനകളും ഇതേ പാതയിലാണ്.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കപ്പെട്ട കാമ്പസ് ആയതിനാലാണ് നെഹ്‌റു കോളേജില്‍ ദാരുണമായ സംഭവം അരങ്ങേറിയതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. ഇത്തരം കാമ്പസുകള്‍ അരാജകത്വത്തിലേക്ക് പോകുന്നത് തടയാന്‍ സംഘടനാ പ്രവര്‍ത്തനം അനുവദിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. ഇതിനായി തന്ത്രപരമായ സമീപനമാണ് അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക സമിതിക്ക് മുന്‍പാകെ പരമാവധി വിവരങ്ങള്‍ കൈമാറുക. അഡ്മിഷന്‍ സമയത്ത് തന്നെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലന്ന് ഒപ്പിട്ട് വാങ്ങുന്ന മാനേജ്‌മെന്റ് നീക്കം സമ്മര്‍ദ്ദത്തിലൂടെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.

അഡ്മിഷന് കോഴ വാങ്ങുന്നതിനെതിരെ സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് കീഴടങ്ങേണ്ടി വരുമെന്നാണ് എസ്എഫ്‌ഐ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഇത്തരം മിക്ക കാമ്പസുകളിലും നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തി കണ്ട് പിടിച്ചാല്‍ കോളേജ് അധികൃതര്‍ പ്രതികളാകുന്ന നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടും. പാമ്പാടി നെഹ്‌റു കോളേജ് അധികൃതരെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളായി ജയിലില്‍ പോകേണ്ടിവരുമെന്നതും ഉറപ്പാണ്.

കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുന്ന അവസ്ഥയിലേക്ക് വരെ സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കാന്‍ കഴിയുകയും ചെയ്യും. അത് കൊണ്ട് തന്നെ സര്‍ക്കാറിന്റെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും നീക്കങ്ങളെ ആശങ്കയോടെയാണ് സ്വാശ്രയ മാനേജുമെന്റുകള്‍ കാണുന്നത്. മുന്‍പത്തെ പോലെ കോടതിയെ സമീപിച്ചാല്‍ യു ഡി എഫ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ച സമീപനമായിരിക്കില്ല ഉണ്ടാവുകയെന്ന തിരിച്ചറിവും മാനേജ്‌മെന്റുകള്‍ക്കിടയിലുണ്ട്.

പല സ്വാശ്രയ കോളജ് ഉടമകള്‍ക്കും ‘മറ്റ് പല ബിസിനസ്സും’ സംസ്ഥാനത്തുള്ളതിനാല്‍ സര്‍ക്കാറിനെ പിണക്കിയാല്‍ പണി കിട്ടുമെന്ന പേടിയുമുണ്ട്. ഇപ്പോള്‍ സമ്മര്‍ദ്ദത്തിലായ നെഹ്‌റു കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇത് മറ്റ് കോളേജുകളിലേക്ക് കൂടി വ്യാപിക്കുന്നതോടെ മാനേജുമെന്റുകളുമായി വീണ്ടും സംഘര്‍ഷമുണ്ടാകാനും സാധ്യത കൂടുതലാണ്.

എന്നാല്‍ സര്‍ക്കാറിന്റെ പിന്‍തുണയുള്ളതിനാല്‍ ‘വലിയ കളിക്ക് ‘ വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റുകള്‍ മുതിരില്ലന്നാണ് എസ്എഫ്‌ഐ കരുതുന്നത്.

അതേസമയം സംഘടനാ പ്രവര്‍ത്തനം നിഷേധിക്കപ്പെട്ട കാമ്പസ് ആയിരുന്നിട്ടും നെഹ്‌റു കോളേജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ അതേ കാമ്പസിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായത് സ്വാശ്രയ മാനേജുമെന്റുകളെ ഞെട്ടിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ വിളിച്ച് കൈമാറാനും നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നു.

സ്വാശ്രയ കോളേജുകള്‍ക്കെതിരെ അക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും അടച്ചിടാന്‍ സ്വാശ്രയ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

സമരം പ്രഖ്യാപിച്ച് രംഗത്ത് വന്ന ഐ.എ.എ.സുകാരെ ഓടിച്ചുവിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വശ്രയ മാനേജ്‌മെന്റുകളോടെടുക്കുന്ന നിലപാട് ഇനി നിര്‍ണ്ണായകമാകും.

Top