ന്യൂഡല്‍ഹി: ഇന്ത്യയുടെ 75ാം വര്‍ഷം ആഘോഷിക്കുന്ന 2020 ല്‍ ബഹിരാകാശകത്ത് ഇന്ത്യന്‍ കൊടി പാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞു.
2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ കേന്ദ്രത്തിന്റെ പുതിയ ആരോഗ്യ പദ്ധതിയെക്കുറിച്ചും മോദി വാചാലനായി. രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പിച്ച് ചെങ്കോട്ടയിലെത്തിയ മന്ത്രി 21 ആചാരവെടിയോടുകൂടിയാണ് ദേശീയപതാക ഉയര്‍ത്തിയത്.
വെളളപ്പൊക്ക ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. ആഗോള താപനം ഒരു ഭീഷണിയാണെന്നും പാരിസ്ഥിതി ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണ്. കഴിഞ്ഞ വര്‍ഷം ജിഎസ്ടി യാഥാര്‍ഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തില്‍ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു എന്ന് മോദി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് വന്‍ മാറ്റമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയാണ്. ഇതിന് മുമ്പ് ലോകം ഇന്ത്യയെ പലതും പറഞ്ഞ് കളിയാക്കിയിരുന്നെന്നും എന്നാലിന്ന് ലോക ശക്തിയില്‍ രാജ്യം നിര്‍ണായക സ്ഥാനത്തെത്തിയെന്നും മോദി വ്യക്തമാക്കി. ഇത് ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്ലാ ഇന്ത്യക്കാരും ആഘോഷിക്കുന്നു. ഇന്ന്, ഒരു ഇന്ത്യക്കാരന്‍ ലോകത്ത് എവിടെ ചെന്നാലും ആ രാജ്യങ്ങള്‍ അവനെ സ്വാഗതം ചെയ്യും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി വര്‍ധിച്ചു.
ബി.ആര്‍. അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം ഉറപ്പ് വരുത്തണം. എന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ രീതിയില്‍ വികസിക്കാനാകൂ. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥര്‍ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്നും മോദി പറഞ്ഞു.