മുംബൈ: നിക്ഷേപകര്‍ക്ക് എളുപ്പത്തിനായി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ കാറ്റഗറി അഞ്ചാക്കി ചുരുക്കാന്‍ ഒരുങ്ങുന്നു.
ഇന്‍ഡക്‌സ് ഫണ്ട്, ഇടിഎഫ്, ഫണ്ട് ഓഫ് ഫണ്ട്‌സ്, വിവിധ സെക്ടറുകളില്‍ നിക്ഷേപിക്കുന്ന തീമാറ്റിക് ഫണ്ടുകള്‍ എന്നിവയ്ക്ക് പുറമെ ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, സൊലൂഷന്‍ ഓറിയന്റഡ്, മറ്റ് സ്‌കീമുകള്‍ എന്നിങ്ങനെ വിഭാഗങ്ങളാക്കിയാണ് ഫണ്ടുകള്‍ ചുരുക്കുക.
ഒരു കാറ്റഗറിയില്‍ ഒരു ഫണ്ട് മാത്രമെ എഎംസികള്‍ക്ക് ഇനി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മൂന്ന് മാസത്തിനുള്ളില്‍ ഇത് പ്രകാരം മാറ്റം വരുത്തണമെന്നാണ് സെബിയുടെ സര്‍ക്കുലറില്‍ പറയുന്നത്.
നിലവിലുള്ള ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകള്‍ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. നിലവില്‍ 42 അസറ്റ് മാനേജുമെന്റ് കമ്പനികള്‍ക്കായി 2000 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണുള്ളത്. 20 ലക്ഷം കോടി രൂപയാണ് മൊത്തം ആസ്തി.
ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികളെ വേര്‍തിരിക്കേണ്ട രീതിയും സെബി വിശദീകരിക്കുന്നുണ്ട്.
വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യംവരുന്ന 100 കമ്പനികള്‍ ലാര്‍ജ് ക്യാപ് വിഭാഗത്തിലും 101 മുതല്‍ 250വരെയുള്ള കമ്പനികള്‍ മിഡ് ക്യാപ് വിഭാഗത്തിലും 251 മുതലുള്ള കമ്പനികള്‍ സ്‌മോള്‍ ക്യാപ് വിഭാഗത്തിലുമാണ് ഉള്‍പ്പെടുക.