തിരുവനന്തപുരം: റീഗള്‍ ശ്രീധരന്റെ നിര്യാണത്തോടെ ഓര്‍മ്മയാകുന്നത് ആധുനിക അനന്തപുരിയെ വാര്‍ത്തെടുത്ത നിര്‍മ്മാണ ചാതുര്യത്തിന് . രാജ്ഭവന് എതിര്‍വശത്തുള്ള ബെല്‍ഹെവന്‍ ഗാര്‍ഡന്‍സില്‍ നിന്ന് തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും വളര്‍ച്ചക്കൊപ്പം നടന്ന പ്രതിഭാശാലിയായ കോണ്‍ട്രാക്ടറും പ്ലാന്ററുമാണ് റീഗള്‍ ശ്രീധരന്‍.
1962 ലെ ഇന്ത്യാ -ചൈന യുദ്ധകാലത്ത് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രം പണിയാന്‍ രാജ്യം തീരുമാനിച്ചപ്പോള്‍ അതിന്റെ നിയോഗം ലഭിച്ചത് റീഗള്‍ ശ്രീധരനായിരുന്നു. രണ്ടു മാസംകൊണ്ട് 10 കെട്ടിടങ്ങള്‍ പണിയാനായിരുന്നു കരാര്‍. യുദ്ധകാലത്ത് പണത്തിനും നിര്‍മ്മാണ വസ്തുക്കള്‍ക്കും ക്ഷാമംനേരിട്ടപ്പോഴും മനസുപതറാത്ത റീഗള്‍ ശ്രീധരന്‍ സുഹൃത്തായ സദാശിവനുമായി ചേര്‍ന്ന് നിര്‍മ്മാണം തുടങ്ങി. 56 ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സൈനിക കേന്ദ്രം കൈമാറിയപ്പോള്‍ രാജ്യം പ്രത്യേക പുരസ്‌ക്കാരവും നല്‍കി ആദരിച്ചു.
ആധുനിക തിരുവനന്തപുരത്തിന്റെ മുഖശ്രീയായ നിരവധി കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും കോണ്‍ട്രാക്ടറായിരുന്നു റീഗള്‍ ശ്രീധരന്‍. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ്, ഏജീസ് ഓഫീസ് കെട്ടിടം, ശ്രീചിത്തിര കെട്ടിടം, തിരുവല്ലം സി.പി.ഡബ്യൂ.ഡി കോംപ്ലക്‌സ്, കഴക്കൂട്ടം സി.ആര്‍.പി.എഫ് ക്വാര്‍ട്ടേഴ്‌സ് കോപ്ലക്‌സ്, കോവളം ഹോട്ടല്‍മാനേജ്‌മെന്റ് കെട്ടിടം എന്നിവ നിര്‍മ്മിച്ചു. കൊങ്കണ്‍ റെയില്‍വേയുടെ തുരങ്കങ്ങള്‍, കുദ്രേമുഖ് അയേണ്‍ ഓര്‍ കമ്പനി, ബൂട്ടാനിലെ ചുക്ക ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതി എന്നിവയുടെ നിര്‍മ്മാണവും നടത്തിയിട്ടുണ്ട്.
നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് റബര്‍ പ്ലാന്റേഷനായി റീഗള്‍ എസ്റ്റേറ്റുമുണ്ട്. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗമായിരുന്നു. സാമൂഹിക സേവനമേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. നിര്‍മ്മാണ മേഖലയില്‍ ഒരു പരാതിക്കുപോലും ഇടനല്‍കാത്ത മികവാണ് റീഗള്‍ ശ്രീധരനെ വ്യത്യസ്തനാക്കിയത്. ഭാര്യ: പരേതയായ വിമല (മുന്‍ ചീഫ് സെക്രട്ടറിയും കെ.എസ്.ഇ.ബി ആദ്യ ചെയര്‍മാനുമായ ജി. മാധവന്റെ മകളാണ്). മക്കള്‍: ജയ മുരുഗേഷ്, സുജ ശിവാനന്ദ്. മരുമക്കള്‍: മുരുഗേഷ് നരേന്ദ്രന്‍ (നരേന്ദ്രന്‍ റബേഴ്‌സ്, ടോപ് ഫ്‌ളോര്‍ മാറ്റ്, പ്ലാന്റേഷന്‍) ശിവാനന്ദ് (ഐ.ടി കമ്പനി ദുബായ്).