പാലക്കാട്: നടന്‍ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസില്‍ പോലീസിനെതിരെ വിദ്യാര്‍ത്ഥിനികളുടെ മൊഴി.
പോലീസിനെതിരെ വിദ്യാര്‍ത്ഥിനികള്‍ ശിശുക്ഷേമ സമിതിക്കാണ് മൊഴി നല്‍കിയത്. പത്തിരിപ്പാല പതിനാലാം മൈല്‍ സ്‌കൂളില്‍ ചെയര്‍മാന്‍ ഫാ. ജോസ് പോളിന്റെ നേതൃത്വത്തിലുള്ള സമിതി മുന്‍പാകെ നടന്ന തെളിവെടുപ്പില്‍ നടനെതിരായ പരാതിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉറച്ചുനിന്നു.
മൊഴി രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥിനികളെ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചെന്നാണ് ആക്ഷേപം. ആദ്യം പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി പോലീസ് അവഗണിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. പരാതിക്കാരായ 14 വിദ്യാര്‍ത്ഥിനികളില്‍നിന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകരില്‍ നിന്നുമാണു വി.പി.കുര്യാക്കോസ്, സിസ്റ്റര്‍ ടെസിന്‍ എന്നിവരും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അനന്തനും ഉള്‍പ്പെട്ട സംഘം തെളിവെടുത്തത്.
പത്തിരിപ്പാല ചന്തയ്ക്കു സമീപം കഴിഞ്ഞ 27 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരുന്ന് ശ്രീജിത് സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികളെ അശ്ലീലം കാണിച്ചെന്നാണു കേസ്.
വ്യാഴാഴ്ച വൈകിട്ടു കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) നടന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.