മഹാഭാരതത്തെ ലൗ ജിഹാദുമായി ചേര്‍ത്തുള്ള പരാമര്‍ശം; കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഡിസ്പുര്‍: മഹാഭാരതത്തെ ലൗ ജിഹാദുമായി ബന്ധിപ്പിച്ച് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഭൂപന്‍ ബോറയ്ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തി. ദൈവങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പരാതി ലഭിച്ചാലുടന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസെടുക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. ബോറയുടെ പ്രസ്താവനയെ അപലപിച്ച മുഖ്യമന്ത്രി, പരാമര്‍ശം സനാതനത്തിനും ഹിന്ദു ധര്‍മ്മത്തിനും എതിരാണെന്ന് കുറ്റപ്പെടുത്തി.

ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും വിഷയം വലിച്ചിഴക്കുന്നത് അപലപനീയമാണ്. സനാതന ധര്‍മ്മത്തിന് എതിരാണ്. ഹസ്രത്ത് മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ ഒരു വിവാദത്തിലേക്കും വലിച്ചിഴയ്ക്കാത്തത് പോലെ, കൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുന്നതായും അസം മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പരാതി നല്‍കിയാല്‍, ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടി വരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന ഗോലാഘട്ടിലെ ട്രിപ്പിള്‍ കൊലപാതകത്തെ ലൗ ജിഹാദായി അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ എതിര്‍ത്തായിരുന്നു ഭൂപന്‍ ബോറയുടെ പ്രസ്താവന. ധൃതരാഷ്ട്രര്‍ ഗാന്ധാരിയെയും കൃഷ്ണന്‍ രുക്മിണിയെയും വിവാഹം കഴിച്ചപ്പോള്‍ അവര്‍ ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരുന്നുവെന്നായിരുന്നു ഭൂപന്‍ ബോറയുടെ പരാമര്‍ശം.

Top