തിരുവനന്തപുരം: ഇന്ത്യയില്‍ മികച്ച നിലവാരമുള്ള 50 ടെക്‌നോളജി കമ്പനികളുടെ പട്ടികയായ ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50-ല്‍ ഇടം നേടി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വളര്‍ച്ചാനിരക്ക് കണക്കിലെടുത്താണ് വിവിധ കമ്പനികളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 2022 ലെ ഇതേ പട്ടികയില്‍ റിഫ്ലെക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനു ഇരുപതാം സ്ഥാനമായിരുന്നു. ഇന്ത്യയിലെ ടെക് കമ്പനികളിലെ വനിതാ സിഇഒ മാരെ അംഗീകരിക്കുന്ന ‘SheXO in Tech’ എന്ന അംഗീകാരവും കമ്പനി നേടിയിട്ടുണ്ട്.
ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം, നൂതനമായി ചിന്തിക്കാനുളള കഴിവ്, വ്യവസായ വ്യാപാര പങ്കാളികളുമായുള്ള ശക്തമായ ബന്ധം, ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും അകമഴിഞ്ഞ പിന്തുണ എന്നിവ മൂലമാണ് ഈ നേട്ടം സാധ്യമായതെന്നു റിഫ്ലെക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്റെ സി.ഇ.ഒ ദീപ സരോജമ്മാള്‍ പറഞ്ഞത്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകള്‍ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതികഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കമ്പനിയാണ് റിഫ്ലെക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. വീണ്ടും ഡിലോയിറ്റ് ലിസ്റ്റില്‍ ഇടംനേടിയത് സാങ്കേതിക രംഗത്ത് കൂടുതല്‍ നൂതനമായ ചിന്തകളുമായി മുന്‍പോട്ടു പോകാനുള്ള അവസരമാണ് കമ്പനിക്കു മുന്‍പില്‍ തുറന്നിടുന്നതെന്നും ദീപ വ്യക്തമാക്കി. ഇന്ത്യയിലെ ടെക് കമ്പനികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന അംഗീകാരങ്ങളില്‍ ഒന്നാണ് ഡിലോയിറ്റിന്റെ ഈ പട്ടിക. അതിവേഗത്തില്‍ വളരുകയും മികച്ച മത്സരബുദ്ധി പ്രകടിപ്പിക്കുകയും ചെയ്യുന്ന പുതുതലമുറ കമ്പനികളാണ് ഈ പട്ടികയില്‍ ഇടം നേടുന്നത്.
ലോകമെമ്പാടും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ആവശ്യമായ നൂതനമായ സാങ്കേതികപരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ബാങ്കിങ്, സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യരംഗം, ലോജിസ്റ്റിക്സ്, ഗതാഗതം, വാഹനവിപണി, മാധ്യമ-വിനോദ രംഗം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ കമ്പനിക്കു ഉപഭോക്താക്കളുണ്ട് .അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബ്രസീലിലും മിഡില്‍ ഈസ്റ്റിലും കമ്പനിക്ക് ഓഫിസുകളുണ്ട്. ഇന്ത്യയില്‍ തിരുവനന്തപുരം, ചെന്നൈ, പൂനെ ബെംഗളൂരു എന്നിവിടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നു.