യുണൈറ്റഡ് നേഷൻസ്: ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിണം എന്ന ആവശ്യവുമായി ഇന്ത്യ. തീവ്രവാദം, അഭയാർഥികളുടെ പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ
നേരിടുന്നതിൽ ‘കൗൺസിലിന്റെ പ്രാധാന്യം’ നിലനിർത്തണമെങ്കിൽ ഉടൻ തന്നെ ഇത്തരം ഒരു പുനർ നിർമ്മാണം ആവശ്യമാണ് എന്നതാണ് ഇന്ത്യയുടെ പക്ഷം.
അഭയാർത്ഥി പ്രശ്നങ്ങളിലും, തീവ്രവാദം പോലെ രാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ യു എൻ-റെ സുരക്ഷാ കൗൺസിൽ കാണിക്കുന്ന അപാകതകളിൽ നിന്നും കരകയറണമെങ്കിൽ ഇത്തരം ഒരു നീക്കം ആവശ്യമാണ് എന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച നടന്ന സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ പങ്കെടുക്കവെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധിയായ അംബാസഡർ സയിദ് അക്ബറുദ്ദീനാണ് ഈ കാര്യം കൗൺസിലിനെ ബോധിപ്പിച്ചത്.
നിലവിലെ സ്ഥിതിക്ക് യോജിക്കാത്ത നിലയിലുള്ള കൗണ്സിലിന്റെ ഘടനയിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. ഇതിന് ഒരു അഴിച്ചു പണി ആവശ്യമാണെന്നും, അങ്ങനെ മാത്രമേ ആഗോള തലത്തിൽ ഉള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ഇത്തരം അപാകതകളെ എത്രയും വേഗം ശരിയാക്കണം എന്നും അക്ബറുദ്ദീൻ കൂട്ടി ചേർത്തു.
അടുത്തിടെ സംഘടിപ്പിച്ച ജനറൽ അസംബ്ലിയിൽ രാഷ്ട്രങ്ങൾ ഏറെ ഊന്നൽ നൽകിയ അഭയാർത്ഥി പ്രശ്നങ്ങളും, ഭീകരവാദ പ്രവർത്തനങ്ങളും ഒക്കെ പ്രാധാന്യത്തോടെ നോക്കിയെ മതിയാകൂ. പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്ന ഇത്തരം ഒരു സംഘടനയുടെ പ്രതിനിധികൾ ആണെന്നും വെറുതെ അഭിനയിക്കുന്നതിൽ കാര്യമില്ലെന്നും അക്ബറുദ്ദീൻ അഭിപ്രായപ്പെട്ടു. പുതുതായി രൂപപ്പെടുത്തിയ ഒരു ബഹുമുഖ സംവിധാനമാണ് ഇപ്പോൾ ആവശ്യമെന്നും, ഇതിനായി രാഷ്ട്രങ്ങൾ ഒന്നായി നിൽക്കണം എന്നും അക്ബറുദ്ദീൻ രേഖപ്പെടുത്തി.