സാങ്കേതിരംഗം ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു മുന്നേറ്റമാണ് പുതിയതായി സാംസങ് നടത്തിയിരിക്കുന്നത്. ഫ്രിഡ്ജ് ഉപയോഗിച്ച് ടാക്‌സി വിളിക്കാന്‍ സാധിക്കുക എന്നു കേട്ടാല്‍ ഒരു പക്ഷേ അത് ഒരു അത്ഭുതമായി തോന്നിയേക്കാം. എന്നാല്‍ വീട്ടില്‍ പഴങ്ങളും പച്ചക്കറികളും മറ്റും തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഉപയോഗിച്ച് ഒരു ടാക്‌സി ബുക്ക് ചെയ്യാന്‍ സാധിക്കും എന്ന് സാംസങ് കാണിച്ചു തരികയാണ്.
ലാസ് വെഗാസില്‍ നടക്കുന്ന സി.ഇ.എസ് ഗാഡ്‌ജെറ്റ് ഷോയിലാണ് അത്തരത്തിലൊരു റഫ്രിജറേറ്ററിനെ സാംസങ് അവതരിപ്പിച്ചത്. വീട്ടിലെ ഒരോ അംഗങ്ങളേയും തിരിച്ചറിയാനും ഈ സ്മാര്‍ട് റഫ്രിജറേറ്ററിന് സാധിക്കും. സാംസങിന്റെ ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റ് ആണ് ഈ റഫ്രിജറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.