പ്രസംഗവുമായി ബന്ധപ്പെട്ട് തരൂര്‍ വിശദീകരിച്ചിട്ടുണ്ട്, മറ്റൊന്നും പറയാനില്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുമായി ബന്ധപ്പെട്ട് ലീഗിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയത് എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ എംവി ഗോവിന്ദന്‍ ലീഗിന് പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ പ്രണയം യാഥാത്ഥ്യമാകട്ടെയന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണ്. ശശി തരൂര്‍ ശ്രമിക്കുന്നത് വര്‍ഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Top