Regile estate case; police case registed nilambure mla

നിലമ്പൂര്‍: പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി അതിക്രമം കാട്ടിയെന്നുമുള്ള പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.

കൊല്ലം ചന്ദനത്തോപ്പ് കൊറ്റംകര ജയ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗന്‍ കേസെടുത്തത്. എം.എല്‍.എക്കുപുറമെ അമരമ്പലം കൈനോട്ട് മുഹമ്മദ്, കവളമുക്കട്ട സിദ്ദിഖ് എന്ന കുട്ടി, താരിഫ് പൂക്കോട്ടുംപാടം തുടങ്ങി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്.

എസ്‌റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എം.എല്‍.എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് എം.എല്‍.എയുടെ സഹായികളായ ഫൈസല്‍, സിദ്ദിഖ്, താരിഫ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

പി.വി അന്‍വര്‍ എം.എല്‍.എ എസ്റ്റേറ്റ് മാനേജര്‍ അനീഷിനെ മൊബൈല്‍ഫോണില്‍ വിളിച്ച് താന്‍ സ്ഥലം എം.എല്‍.എയാണെന്നും സ്ഥലം വാങ്ങിയതായും തന്റെ ആള്‍ക്കാര്‍ വരുമ്പോള്‍ സഹകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട് .

എം.എല്‍.എയുടെ ആളുകളാണെന്നു പറഞ്ഞ് അതിക്രമിച്ചെത്തിയ സംഘം ജോലിക്കാരെ ഭീഷണിപ്പെടുത്തി ടാപ്പിംഗ് തൊഴിലാളികളെ കൊണ്ട് റബ്ബര്‍ വെട്ടിക്കുകയും ചെയ്തിരുന്നു.

എസ്റ്റേറ്റില്‍ അതിക്രമിച്ചെത്തി ഷെഡുകെട്ടാനുള്ള സാമഗ്രികള്‍ ഇറക്കുകയും ,വീണുകിടക്കുന്ന റബ്ബര്‍ മരങ്ങള്‍ കൊണ്ടുപോകാനായി വന്ന ലോറി തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ചെയ്തതായി പരാതിക്കാരന്‍ ആരോപിച്ചു.ഇതു സംബന്ധമായ ഹര്‍ജിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയും സംഘവും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് മഞ്ചേരി മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.

Top