കുട്ടികളിലെ കൊവാക്‌സിന്‍ പരീക്ഷണത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: കുട്ടികളിലെ കൊവാക്‌സിന്‍ പരീക്ഷണത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പറ്റ്‌ന എയിംസ് ആശുപത്രിയിലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രണ്ടിനും ആറിനുംനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. സെപ്തംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.

പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്‌സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു. അതേസമയം രണ്ടാം തരംഗത്തിലെ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ വാക്‌സീന്‍ എടുത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രണം കേന്ദ്രം നീക്കി.

കൊവിഡ് ആദ്യ തരംഗത്തില്‍ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ 60 വയസ് കഴിഞ്ഞവരും 10 വയസ്സിന് താഴെയുള്ളവരും വീടുകളില്‍ തുടരണം എന്നായിരുന്നു നിര്‍ദ്ദേശം. 60 വയസ്സിന് മുകളിലുള്ള 50 ശതമാനം പേര്‍ക്ക് വാക്‌സീന്‍ ഒരു ഡോസെങ്കിലും നല്‍കിയ പശ്ചാത്തലത്തിലാണ് ഇതില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുന്നത്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച 60 കഴിഞ്ഞവര്‍ക്ക് പുറത്തിറങ്ങാം. ആള്‍ക്കൂട്ടങ്ങളില്‍ പോകുന്നത് കുറയ്ക്കണം. എന്നാല്‍ പതിവ് നടപ്പിനുള്‍പ്പടെ തടസ്സമില്ല.

Top