തിരുവനന്തുപുരം: സര്‍ക്കാര്‍ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങള്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തലസ്ഥാനത്ത് മാത്രം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങള്‍ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തില്‍ മാത്രമായി രജിസ്‌ട്രേഷന്‍ നിജപ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 90 സീരിസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനും തീരുമാനം ആയി.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവിലുള്ള രജിസ്റ്ററിംഗ് അതോറിറ്റികളില്‍ സാധ്യമല്ല എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയുന്ന തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ വിഭജിച്ചത്.
റീജിയണല്‍ ഓഫീസ് സെക്ടര്‍ ഒന്നില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. സെക്ടര്‍ രണ്ടില്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.