ദില്ലി: ഒടിടി പ്രേക്ഷേപണ സേവനങ്ങളുടെ നിയന്ത്രണത്തിന് ഏകീകൃത ചട്ടക്കൂട് കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബില്‍. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ അടക്കമുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമുകളെ നിയന്തിക്കാന്‍ ലക്ഷ്യമിട്ടാണ് ബില്‍. ഈ ബില്‍ പാസായാല്‍, ഒ ടി ടി ഭീമന്‍മാരെ നിയന്ത്രിക്കുന്നതിന് ഉള്ളടക്ക മൂല്യനിര്‍ണ്ണയ സമിതികള്‍ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കരട് ബില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പുറത്തിറക്കി. ശക്തമായ സ്വയം നിയന്ത്രണത്തിനായി ‘ഉള്ളടക്ക മൂല്യനിര്‍ണ്ണയ സമിതികള്‍’ രൂപീകരിക്കും.
‘വ്യാപാരം എളുപ്പമാക്കുക, ജീവിതം എളുപ്പമാക്കുക’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിയാണ് കരട് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് താക്കൂര്‍ പറഞ്ഞു. ഒ ടി ടി പ്രക്ഷേപണ മേഖലക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുക എന്നത് തന്നെയാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പകരമായി കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് പുതിയ ബില്ലിലുള്ളതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ വിവരിച്ചു. പുതിയ നിയമത്തിന്റെ ഒരു സുപ്രധാന വശം ‘ഉള്ളടക്ക മൂല്യനിര്‍ണ്ണയ സമിതികള്‍’ രൂപീകരിക്കുക എന്നതാണ്. നിലവിലുള്ള ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ കമ്മിറ്റിയെ ഒരു ‘ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സിലായി’ മാറ്റുന്നതും ഒ ടി ടി നിയന്ത്രണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.
‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’, ‘ഈസ് ഓഫ് ലിവിംഗ്’ എന്നിവയ്ക്കായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട്, കരട് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്‍ അവതരിപ്പിച്ചതില്‍ അഭിമാനിക്കുന്നു. ഈ സുപ്രധാന നിയമനിര്‍മ്മാണം ഒ ടി ടി പ്രക്ഷേപണ മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കുന്നു, കാലഹരണപ്പെട്ട നിയമങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെ ഏകീകൃതവും ഭാവി കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ പുതുക്കുകയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. സാങ്കേതിക പുരോഗതിയും സേവന പരിണാമവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാകും ഓ ടി ടി, ഡിജിറ്റല്‍ മീഡിയ, ഡി ടി എച്ച്, ഐ പി ടി വി തുടങ്ങിയവയില്‍ ഉണ്ടാകുക.