ആലപ്പുഴ: പ്രളയക്കെടുതിയില്‍ കുടുംബം നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജനകീയ കൂട്ടായ്മയിലൂടെ ശുചിയാക്കും. അറുപതിനായിരം പേര്‍ ഇതില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്പെയിനാണിത്.
അഴുക്കും ചെളിയുമെല്ലാം കളഞ്ഞ് അടുത്ത വെള്ളിയാഴ്ചയോടെ വീടുകള്‍ താമസയോഗ്യമാക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടില്‍ 50000ലധികം വീടുകളാണ് ശുചിയാക്കാനുള്ളത്. ഓരോ വീട്ടിലെയും കുറഞ്ഞത് ഒരാളെങ്കിലും ശുചിയാക്കാനെത്തണം. ഒപ്പം സഹായവുമായി മറ്റ് ജില്ലകളില്‍ നിന്നും ആളുകളെത്തും.
നാളെ രാവിലെ എട്ട് മണിയോടെ അറുപതിനായിരത്തിലധികം വരുന്ന ആളുകള്‍ ഹൗസ് ബോട്ടുകളിലും കേവ് വള്ളങ്ങളിലുമായി കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലെത്തും. 1000 ഹൗസ് ബോട്ടുകളും ജില്ലയിലെ മുഴുവന്‍ ജങ്കാറുകളും ഇതിനായി ഉപയോഗിക്കും. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരി എന്നിങ്ങനെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളുണ്ടാകും.
ചൊവ്വാഴ്ച ആരംഭിച്ച് 30ന് സമാപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുമുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.
പ്രളയത്തില്‍ വീടുകളില്‍ കയറിയ പാമ്പുകളെ പിടിക്കാന്‍ പ്രത്യേകസംഘം ഉണ്ടാകും. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ നിന്നാണ് സംഘമെത്തുക.