ബിഎസ്എന്‍എല്‍ നടപ്പാക്കിയത് സംഘപരിവാര്‍ താത്പര്യം:തുറന്നടിച്ച് രഹ്ന ഫാത്തിമ

കണ്ണൂര്‍: സ്ഥാപനവുമായി ബന്ധമില്ലാത്ത വിഷയത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിലൂടെ സംഘപരിവാര്‍ താത്പര്യമാണ് ബിഎസ്എന്‍എല്‍ നടപ്പാക്കിയതെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ചുവിട്ടതില്‍ പിന്നാലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

ഇതില്‍ രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയോ കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ബി.എസ്.എന്‍.എല്‍ ആഭ്യന്തര അന്വേഷണം നടത്തുകയും നിര്‍ബന്ധിതമായി പുറത്താക്കുകയും ചെയ്യുന്നതെന്ന് രഹ്ന ആരോപിച്ചു. ഈ സാഹചര്യത്തില്‍ സംഘപരിവാറിന്റെ ഇടപെടല്‍ വ്യക്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമത്തിന് അധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. പരമോന്നത നീതിപീഠത്തിന്റെ ഒരു വിധിയ്ക്ക് അനുസരിച്ച് പെരുമാറിയതിനെതിരെയാണ് നടപടിയെന്നും ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ബി.എസ്.എന്‍.എല്ലിനകത്തെ ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യങ്ങളും നടപടിയ്ക്ക് ഇടയാക്കിയെന്നും രഹ്ന ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായാല്‍ സ്വന്തമായ അഭിപ്രായം പറയാത്ത അടിമകളാണെന്നാണ് ചിലരുടെ ധാരണ. 18 മാസത്തെ സസ്‌പെന്‍ഷന്‍ കാലത്ത് പലതവണ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിലെല്ലാം അറിയേണ്ടിയിരുന്നത് വ്യക്തിപരമായ കാര്യങ്ങളായിരുന്നു. ജോലി സംബന്ധമായ ഒരു തെറ്റിലും വിശദീകരണം ചോദിച്ചിട്ടുമില്ലെന്നും രഹ്ന പറഞ്ഞു.

പിതാവ് മരിച്ച ശേഷം ആശ്രിത നിയമനമായാണ് താന്‍ ബി.എസ്.എന്‍.എല്ലില്‍ പ്രവേശിച്ചത്. പ്യൂണ്‍ പോസ്റ്റില്‍ നിന്നും ജൂനിയര്‍ എന്‍ജിനീയര്‍ വരെ പരീക്ഷയെഴുതി നേടി. എന്നാല്‍ ശബരിമല വിവാദത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം വരെ നിഷേധിച്ചുവെന്നും രഹാന ചൂണ്ടിക്കാട്ടി.

അഞ്ചാം റാങ്കോടെയാണ് ജൂനിയര്‍ എന്‍ജിനീയറാകാന്‍ യോഗ്യത തെളിയിച്ചത്. ടെലികോം ടെക്‌നിഷ്യയായത് നാലാം റാങ്കോടെയാണ്. ഏറ്റവും താഴ്ന്ന പോസ്റ്റില്‍ നിന്നും ഉയര്‍ന്ന് വരുന്നത് അംഗീകരിക്കാനുള്ള പ്രയാസമാണ് ചിലര്‍ക്കെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ ഇത്തരത്തിലുള്ള പല കാര്യങ്ങളും പുറത്ത് പറയാതിരിക്കാനുള്ള അച്ചടക്കം താന്‍ പാലിച്ചിട്ടുണ്ടെന്നും രഹ്ന പറഞ്ഞു.

അതേസമയം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന ജീവനക്കാരുടെ സംഘടനയെയും രഹ്ന വിമര്‍ശിച്ചു. ഏഴു വര്‍ഷത്തോളം യൂണിയനുമായി സഹകരിച്ചിട്ടും ആരും ബന്ധപ്പെട്ടില്ല. സാധാരണ എല്ലാവരുടെ കാര്യത്തിലും ഇടപെടുമെങ്കിലും തന്റെ വിഷയത്തില്‍ ഇടപെട്ടാല്‍ ജോലി പോകുമോയെന്ന ഭയമാകാം കാരണമെന്ന് രഹ്ന കൂട്ടിച്ചേര്‍ത്തു.

സാധാരണയുണ്ടാകുന്ന അച്ചടക്ക നടപടികള്‍ കൈക്കൂലി വാങ്ങിയതോ സാധനം മോഷ്ടിച്ച് വിറ്റ കേസോ ഒക്കെ ആയിരിക്കും. എന്നാല്‍ അമ്പലത്തില്‍ പോയതിന് ഒരു കേസ് എടുക്കുന്നത് പോലുള്ള അനുഭവം ഇത് ആദ്യം ആയിരിക്കുമെന്നും രഹ്ന പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്.

Top