മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന്

പാലക്കാട് : നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും.

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവം അന്വേഷിച്ചതില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തിയെന്ന് സി.എ.ജിയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് പാലക്കാട്ടെ കര്‍ഷക സംഘടനകളും പരിസ്ഥിതി – പൗരാവകാശ സംഘടനകളും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

വനംവകുപ്പ് മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ഈ ചട്ടലംഘനത്തില്‍ പങ്കുണ്ടെന്ന് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം സൂപ്പര്‍താരത്തിന് വേണ്ടി മൗനം പാലിച്ചുവെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

കേരളത്തിലെ ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.

ഇതിന്റെ ഉടമസ്ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ് കേസെടുത്തു. എന്നാല്‍, നിയമത്തില്‍ ഇളവു വരുത്തി താരത്തെ കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട്.

Top