വാഷിങ്‌ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങളിൽ അസ്വസ്‌ഥരായ റിപ്പബ്ലിക്കന്മാർ അദ്ദേഹത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നു. അമേരിക്കൻ ജനാധിപത്യത്തെ തകർക്കുന്ന ട്രംപിന്റെ നിലപാടുകൾക്കെതിരെ പാർട്ടിക്ക് നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നീക്കം. മധ്യ വലതുപക്ഷ നിലപാടായിരിക്കും പുതിയ പാർട്ടിയുടേത്.
റൊണാൾഡ് റീഗൻ, ജോർജ് എച്ച് ഡബ്ല്യു ബുഷ്, ജോർജ് ഡബ്ല്യു ബുഷ്, ട്രംപ് എന്നിവർക്കൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥർ, അംബാസിഡർമാർ, റിപ്പബ്ലിക്കൻ തന്ത്രജ്ഞർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടിക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. നൂറ്റിയിരുപതിലധികം പേർ കഴിഞ്ഞ വെള്ളിയാഴ്‌ച യോഗം ചേർന്നു.
ഭരണഘടന, നിയമപാലനം തുടങ്ങി ട്രംപ് തകർത്ത മൂല്യങ്ങൾ പുനസ്ഥാപിക്കാനാണ് പ്രവർത്തിക്കുക. ചിലയിടത്ത് സ്ഥാനാർഥികളെ നിർത്തും. കുടാതെ റിപ്പബ്ലിക്കൻ, സ്വതന്ത്രർ, ഡെമോക്രാറ്റുകൾ എന്നിവരിൽ മധ്യ-വലത് നിലപാടുള്ളവരെ അംഗീകരിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ നയ ഡയറക്ടർ ഇവാൻ മക്മുലിൻ പറഞ്ഞു.