മുംബൈ: മുംബൈയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി. താനെ സ്വദേശിനി പ്രാച്ചി സാദെയെയാണ് കൊലപ്പെടുത്തിയത്.
ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്കു പോകവെ ആകാശ് പവാര്‍ എന്ന യുവാവ് യുവതിയെ തടഞ്ഞു നിര്‍ത്തി കുത്തിവീഴ്ത്തുകയായിരുന്നു. എക്‌സ്പ്രസ് വേയില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു സമീപം പ്രാച്ചിയുടെ വാഹനം തടഞ്ഞ ആകാശ് യുവതിയെ വാഹനത്തില്‍ നിന്നു പുറത്തിറക്കിയ ശേഷം തന്റെ വിവാഹാഭ്യര്‍ഥനയ്ക്കു മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. യുവതി ഇത് നിരസിച്ചതോടെ ആകാശ് പ്രാച്ചിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു.
രക്ഷപ്പെടുന്നതിനിടെ ബസ് ഇടിച്ച് ആകാശിനു പരിക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആകാശിനെ പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ആകാശിനെതിരെ പ്രാച്ചിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വഴിയില്‍ കുത്തേറ്റു കിടന്ന പ്രാച്ചിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വഴിയാത്രക്കാര്‍ ആരും തയാറായില്ലെന്നു പൊലീസ് പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.