ബന്ധുനിയമന വിവാദം; കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ഇല്ല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാവില്ല. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലപാട് വ്യക്തമാക്കിയിരിക്കുന്നത് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ്.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി കെ.ടി. ജലീല്‍ തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് രംഗത്തു വന്നത്. ജലീലിന്റെ പിതൃസഹോദര പുത്രന്‍ കെ.ടി. അദീബിനായി വിദ്യാഭ്യാസ യോഗ്യതകളില്‍ മന്ത്രി മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചിരുന്നു.

സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജരാണ് അദീബ്. മന്ത്രിക്കെതിരെ യൂത്ത് ലീഗ് വിജിലന്‍സില്‍ പരാതിയും നല്‍കിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 8ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് റീജനല്‍ ഓഫിസില്‍ സീനിയര്‍ മാനേജരായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ഒരു വര്‍ഷത്തേയ്ക്കാണ് നിയമിച്ചത്.

Top