അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധം; ശൈത്യകാലത്ത് രോഗികള്‍ കൂടും

ഭുവനേശ്വര്‍: അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ശൈത്യകാലമെത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

ഊഷ്മാവു കുറയുന്നതു രോഗവ്യാ പനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ പഠനത്തില്‍ പറയുന്നു.ഐഐടിയിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍ ആന്‍ഡ് ക്ലൈമറ്റ് സയന്‍സസും എയിംസിലെ മൈക്രോബയോളജി വകുപ്പും ചേര്‍ന്നാണു പഠനം നടത്തിയിരിക്കുന്നത്.

കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമായ അവസ്ഥയാണ്. താപനില ഒരു ഡിഗ്രി ഉയരുന്നത് കോവിഡ് കേസുകളില്‍ 0.99 ശതമാനം കുറവുണ്ടാക്കുമെന്നും പഠനം വ്യക്തമാക്കുന്നു. സമാനമായ താപവ്യതിയാനത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സമയപരിധിയില്‍ 1.13 ദിവസം കുറവുണ്ടാകും.

അതേസമയം ഈര്‍പ്പത്തിന്റെ അളവില്‍ 10 ശതമാനം വര്‍ധനവുണ്ടായാല്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതു പെട്ടെന്നാകുമെന്നും പഠനം വ്യക്തമാക്കുന്നത്.വി.വിനോജ്, എന്‍. ഗോപിനാഥ്, ബി. ബെഹ്റ, ബി. മിശ്ര, കെ. ലാന്‍ഡു എന്നിവരാണു പഠനം നടത്തിയത്. ഓരോ സംസ്ഥാനത്തെയും രോഗികളുടെ എണ്ണവും താപനിലയും ഈര്‍പ്പവും സോളാര്‍ റേഡിയേഷനും തമ്മിലുള്ള ബന്ധം വിശകലനം ചെയ്താണു നിഗമനത്തിലെത്തിയിരിക്കുന്നത്.

കാലവര്‍ഷവും അതിനു ശേഷം ശൈത്യകാലവും എത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവില്‍ സാരമായ വ്യതിയാനം ഉണ്ടാകും. ഇതു രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും വി. വിനോജ് പറഞ്ഞു.

Top