ബന്ധു നിയമനം; കെ.ടി ജലീല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജി വെക്കേണ്ടി വന്ന കെ.ടി ജലീല്‍ സുപ്രീംകോടതില്‍. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇത് ശരിവെച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ലോകായുക്ത തനിക്കെതിരെ പുറപ്പെടുവിച്ച റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും തനിക്ക് നീതി നിഷേധിച്ചുവെന്നുമാണ് ജലീലിന്റെ ആരോപണം. പരാതിക്കാര്‍ വാക്കാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോര്‍ട്ടെന്നാണ് ജലീലിന്റെ വാദം.

ലോകായുക്ത ചട്ടം 9,16 എന്നിവയുടെ നഗ്‌നമായ ലംഘനമാണ് തന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ജലീല്‍ പറയുന്നത്. ഒരു പരാതി ലഭിച്ചാല്‍ ആരോപണവിധേയന്റെ ഭാഗം കേള്‍ക്കുക എന്ന സ്വാഭാവിക നീതി പോലും തന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്തുക, അതിന്റെ പകര്‍പ്പ് ആരോപണവിധേയന് നല്‍കുക, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നിവയൊന്നും തന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ജലീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി കെ.ടി അദീപിനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചാണ്. അദീപിന്റെ നിയമനം നടത്തിയത് കോര്‍പ്പറേഷനാണെന്നും അത് അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ജലീല്‍ ഹര്‍ജിയില്‍ പറയുന്നു. അദീപിനെ സംബന്ധിച്ച് യോഗ്യതക്കുറവില്ലെന്നും കൂടുതല്‍ യോഗ്യതകളാണ് അദ്ദേഹത്തിനുള്ളതെന്നും ജലീല്‍ വാദിക്കുന്നു.

 

Top