തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന് യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചിരുന്നു. എന്നാല്‍ സിപിഐഎം ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയുമാണ്. സിപിഐഎമ്മിന്റെ ഈ നിലപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താത്പര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ സമീപകാലത്ത് നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. താന്‍ ഇക്കാര്യം തുടരെത്തുടരെ പറഞ്ഞതാണ്. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ബന്ധുനിയമനം ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.