അമരാവതി: ഗുണ്ടൂര്‍ ജില്ലയിലെ വട്ടിചെറുക്കുരു ഗ്രാമത്തില്‍ 12 വയസുകാരിയോട് മോശമായി പെരുമാറിയ അധ്യാപകനെ മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളിലെത്തിയാണ് ഹിന്ദി അധ്യാപകനായ രവിബാബുവിനെ (58) മര്‍ദിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉള്‍പ്പെടുത്തി കേസെടുത്തു.
തിങ്കളാഴ്ചയാണ് സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയോട് അധ്യാപകനായ രവിബാബു മോശമായി പെരുമാറിയത്. പെണ്‍കുട്ടി കുതറിയോടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബലമായി പിടിച്ചുവച്ച് ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് ഉപദ്രവ ശ്രമം അറിയുന്നത്.
തുടര്‍ന്ന് മറ്റ് ബന്ധുക്കളെക്കൂട്ടി സ്‌കൂളിലെത്തി ഇവര്‍ അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി അധ്യാപകനെ അറസ്റ്റ് ചെയ്തു. അതേസമയം ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.