10ലക്ഷവുമായി വന്നാല്‍ വിവാഹം നടത്തി തരാമെന്ന് ബന്ധുക്കള്‍; മോഷണം നടത്തി കാമുകന്‍ ജയിലില്‍

ചെന്നൈ: യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ യുവാവിനോട് പത്ത് ലക്ഷം രൂപയുമായി വന്നാല്‍ വിവാഹം നടത്തി തരാമെന്ന് ബന്ധുക്കള്‍. അതിന് യുവാവ് കണ്ടെത്തിയ വഴിയാകട്ടെ മോഷണവും. ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) ആണ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി പണം സമ്പാദിക്കാന്‍ മോഷണത്തിനിറങ്ങിയത്.

ചെല്ലദുരൈ സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ആസൂത്രണം ചെയ്താണ് കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദരരാജന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വലിയ വീടായിരുന്നെങ്കിലും ഇവിടെ നിന്ന് സ്വര്‍ണമോ പണമോ കിട്ടിയില്ല. പകരം ടിവി, റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാമെടുത്തു സംഘം സ്ഥലം വിട്ടു.

പിറ്റേ ദിവസം വീട്ടിലെത്തിയ സൗന്ദരരാജനും കുടുംബവും മോഷണം നടന്നെന്ന് മനസ്സിലായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ചെല്ലദുരൈയെയും സംഘത്തെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണമെന്നു ചെല്ലദുരൈ പൊലീസിനോടു പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.

Top