ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് പിന്തുണയുമായി ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ.
കനയ്യ കുമാറെന്ന നമ്മുടെ ബിഹാറില്‍ നിന്നുള്ള പയ്യന്‍ ദേശവിരുദ്ധമായോ ഭരണഘടനയ്‌ക്കെതിരായോ ഒന്നും പറയുകയേ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ശത്രുഘന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് കനയ്യയെ മോചിപ്പിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ശത്രുഘന്‍ സിന്‍ഹ ട്വീറ്ററില്‍ പറഞ്ഞു.
കനയ്യയുടെ പ്രസംഗം മുഴുവന്‍ വായിച്ചതായും ശത്രുഘന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നതും എക്കാലത്തും ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമുള്ളതുമാണ് ജവര്‍ഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല. ഇന്ത്യ കണ്ട നിരവധി പ്രതിഭകളെ സമ്മാനിച്ച വിദ്യാഭ്യാസകേന്ദ്രമാണതെന്നും ശത്രുഘന്‍ ചൂണ്ടിക്കാട്ടി.
ജെ.എന്‍.യുവിനെതിരായ ആരോപണങ്ങളെ ശത്രുഘന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജെ.എന്‍.യു പോലൊരു വിദ്യാഭ്യാസ സ്ഥാപനത്തെ പറ്റി അപവാദം പ്രചരിപ്പിയ്ക്കരുതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.