Released footage of kuppu devaraj with AK-47

നിലമ്പൂര്‍: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജ് എകെ 47 തോക്കുമായി നില്‍ക്കുന്ന ഫോട്ടോ പുറത്തായി.

ഏറ്റുമുട്ടല്‍ സംബന്ധമായി പൊലീസിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടാനുള്ള ഒന്നാന്തര ഒരു ആയുധമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്ന ദൃശ്യം.

കുപ്പുദേവരാജിനും അജിതക്കുമൊപ്പം മലയാളി മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പിള്ളി നിലമ്പൂര്‍ കാട്ടില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി ക്യാമ്പില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.

പതിനഞ്ചു വര്‍ഷത്തോളമായി ഒളിവ്ജീവിതം നയിക്കുന്ന മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പിള്ളി കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ സര്‍ക്കാരുകള്‍ തേടുന്ന പിടികിട്ടാപ്പുള്ളിയാണ്.

സി.പി.ഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി അംഗങ്ങള്‍ തോക്കേന്തി റൂട്ടുമാര്‍ച്ച് നടത്തുന്നത് രാജന്‍ ചിറ്റിലപ്പിള്ളിയും കുപ്പു ദേവരാജും അജിതയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

എ.കെ 47 തോക്ക് ചുമലില്‍ തൂക്കി കുപ്പു ദേവരാജ് നില്‍ക്കുന്നതും ഇരിക്കുന്നതുമായ പടങ്ങള്‍ കണ്ട് ഉന്നത ഉദ്ദ്യോഗസ്ഥര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്.

maoists

എ.കെ 47 അടക്കമുള്ള തോക്കുകളുമേന്തി നാലു സ്ത്രീകളടക്കം 15 പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പോലീസുമായുണ്ടായ വെടിവെപ്പില്‍ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ട കരുളായി ഉള്‍വനത്തിലെ വരയന്‍ മലയിലെ മാവോയിസ്റ്റ് ബേസ് ക്യാമ്പിലാണ് പരിശീലനം എന്നാണ് കരുതുന്നത്. പരിശീലനം നടക്കുന്നതിനു ചുറ്റും തോക്കേന്തിയ പി.എല്‍.ജി.എ അംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നതും കാണാം.

2014 ഡിസംബര്‍ രണ്ടിലെ പി.എല്‍.ജി.എ ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടിലെ ബേസ് ക്യാമ്പില്‍ സ്ഥാപിച്ച ബാാനറിന്റെയും പോസ്റ്ററിന്റെയും പടങ്ങളും ലഭിച്ചിട്ടുണ്ട്.

തമിഴിലും മലയാളത്തിലുമാണ് പോസ്റ്റര്‍. ജനകീയ യുദ്ധ രാഷ്ട്രീയ പക്ഷത്തേക്ക് ബഹുജനങ്ങളെ അണിനിരത്തുക, ശത്രുവിനെ കടന്നാക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കുക, ജനകീയ യുദ്ധത്തെ വികസിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് മലയാളത്തില്‍ എഴുതിയിരിക്കുന്നത്.

കാട്ടില്‍ പെരുമ്പാമ്പിനെ പിടികൂടി തൊലിഉരിച്ചെടുക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ തമിഴില്‍ തെരുവുനാടകം അവതരിപ്പിക്കുന്ന വീഡിയോയും ലഭിച്ചു.

maoistts

സി.പി.ഐ, സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ കക്ഷികളെ പേരെടുത്ത് അവരുടെ നയങ്ങള്‍ വിചാരണ ചെയ്യുന്നുമുണ്ട്.

പണവും മദ്യവും നല്‍കി വോട്ടുവിലക്കുവാങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തുമാണ് നാടകം അവതരിപ്പിക്കുന്നത്.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ബേസ് ക്യാമ്പില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിന്നാണ് സുപ്രധാനവിവരങ്ങളും ദൃശ്യങ്ങളും പോലീസിനു ലഭിച്ചത്.

കര്‍ണ്ണാടക പൊലിസും ചില നിര്‍ണ്ണായക വിവരങ്ങള്‍ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്.

Top