വരിക്കാരെ കയ്യൊഴിയാനൊരുങ്ങി റിലയന്‍സ് കമ്യൂണിക്കേഷന്‍സ്

കൊച്ചി: ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഓഫറുകള്‍ ലഭ്യമാക്കിയ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 2ജി, 3ജി ടെലികോം സേവനങ്ങള്‍ അടുത്ത മാസം അവസാനിപ്പിക്കുമ്പോള്‍ ഉപയോക്തക്കള്‍ കഷ്ടത്തിലാകുന്ന സ്ഥിതിയാണ്.

കേരളത്തിലെ 12 ലക്ഷത്തോളം വരിക്കാര്‍ക്കു മറ്റേതെങ്കിലും നെറ്റ്‌വര്‍ക്കിലേക്കു മാറേണ്ട സാഹചര്യമാണ് വരാന്‍ പോകുന്നത്. കമ്പനിയുടെ മൊബൈല്‍ സേവന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മന്ദഗതിയിലാണ് നടക്കുന്നത്.

44000 കോടിയോളം രൂപ കടബാധ്യതയുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് രാജ്യത്തു നാലു കോടിയോളം മൊബൈല്‍ വരിക്കാരാണുള്ളത്. 90% ജീവനക്കാരേയും രണ്ടു മാസം മുന്‍പു തന്നെ കമ്പനി ഒഴിവാക്കിയിരുന്നു.

കേരളത്തില്‍ ഇരുപതിനായിരത്തോളം വരിക്കാരുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന വിഭാഗവും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി സഹകരിച്ച് 4ജി സേവനം നല്‍കുന്ന പരിപാടിക്കു കമ്പനി ഏതാനും മാസം മുന്‍പു കേരളത്തിലും തുടക്കമിട്ടിരുന്നു.

എന്നാല്‍ കമ്പനിയുടെ കണക്ഷന്‍, റീചാര്‍ജ്, ബില്‍ സ്വീകരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന റിലയന്‍സ് സ്റ്റോറുകള്‍ ബഹുഭൂരിപക്ഷവും അടച്ചുപൂട്ടി.

ഇവയെല്ലാം ഫ്രാഞ്ചൈസീ വ്യവസ്ഥയിലായിരുന്നു.

ടാറ്റ ടെലിസര്‍വീസസിന്റെ മൊബൈല്‍ സേവനം എയര്‍ടെല്‍ ഏറ്റെടുക്കുകയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ സ്വകാര്യമേഖലാ കമ്പനികളും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലും മാത്രമാകും മൊബൈല്‍ സേവന രംഗത്ത് ഉണ്ടാവുക.

Top