ന്യൂഡല്‍ഹി: പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് റിലയന്‍സ് ലൈഫ് സയന്‍സ്. രണ്ടുമണിക്കൂറിനുള്ളില്‍ കൃത്യമായ കോവിഡ് പരിശോധനാഫലം ഉറപ്പാക്കുന്ന ആര്‍ടി- പിസിആര്‍ കിറ്റാണ് വികസിപ്പിച്ചത്. നിലവില്‍ 24 മണിക്കൂര്‍ വേണ്ടിവരുന്ന സ്ഥാനത്താണ് കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധന സാധ്യമാകുന്ന പരിശോധനാ കിറ്റ് ഗവേഷകര്‍ വികസിപ്പിച്ചത്. റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍- പോളിമറേസ് ചെയ്ന്‍ റിയാക്ഷന്‍ എന്നതാണ് ആര്‍ടി-പിസിആര്‍ എന്ന ടെസ്റ്റിന്റെ പൂര്‍ണ രൂപം.
കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ന്യൂക്ലിക് ആസിഡ് തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് ടെസ്‌ററിലൂടെ നടത്തുന്നത്. നിലവില്‍ ലഭ്യമായ ആര്‍ടി-പിസിആര്‍ കിറ്റുകള്‍ വഴി വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാന്‍ 24 മണിക്കൂറാണ് വേണ്ടി വരുന്നത്. വളരെ വ്യത്യസ്തമാര്‍ന്നതും കൃത്യത കൂടിയതുമായ ടെസ്റ്റിങ് കിറ്റാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള റിലയന്‍സ് ലൈഫ് സയന്‍സ് വികസിപ്പിച്ചതെന്നാണ് അവകാശ വാദം.