മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ വീണ്ടും ഒരുങ്ങുന്നു. സ്മാര്‍ട്‌ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോടു കൂടിയ ലാപ്‌ടോപ്പ് വിപണിയിലെത്തിക്കുവാന്‍ റിലയന്‍സ് ജിയോ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പുകള്‍ സെല്ലുലാര്‍ കണക്ഷനൊപ്പം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ യുഎസിലെ പ്രമുഖ ചിപ്പ് കമ്പനിയായ ക്വാല്‍ക്കോമുമായി ചര്‍ച്ചകള്‍ നടത്തുന്നത്.
റിലയന്‍സ് ജിയോയുമായി ഇക്കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തതായി ക്വാല്‍കോം ടെക്‌നോളജീസ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മിഗ്വേല്‍ ന്യൂണ്‍സ് വ്യക്തമാക്കി. 4ജി ഫീച്ചര്‍ ഫോണുകളില്‍ ജിയോയുമായും റിലയന്‍സ് റീട്ടെയ്‌ലുമായും ക്വാല്‍കോം നിലവില്‍ സഹകരിക്കുന്നുമുണ്ട്.