ദില്ലി: കോർപറേറ്റ് കൃഷിയിലേക്കോ കരാർ കൃഷിയിലേക്കോ കടന്നുവരാനുള്ള യാതൊരു ആലോചനയും തങ്ങൾ നടത്തിയിട്ടില്ലെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ്. കർഷകരിൽ നിന്ന് നേരിട്ട് ധാന്യങ്ങൾ വാങ്ങിയിട്ടില്ലെന്നും താങ്ങുവില പ്രകാരം കർഷകരിൽ നിന്ന് വിതരണക്കാർ വാങ്ങിയ ധാന്യങ്ങൾ തങ്ങൾ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. രാജ്യത്തെ കർഷകരോട് ബഹുമാനം മാത്രമേയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.
ഇതിനിടെ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം ആവശ്യപ്പെട്ട് റിലയൻസ് ജിയോ ഗ്രൂപ്പ് ഹരിയാന – പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. ബിസിനസ് ശത്രുക്കളുടെ സഹായത്തോടെ റിലയൻസ് ഗ്രൂപ്പിന്റെ ജീവനക്കാർക്കും സ്വത്തുക്കൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിൽ പറയുന്നത്. ബിസിനസ് ശത്രുക്കൾ കർഷക പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകുന്നു എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.