20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി. ഓഹരി വില ചൊവാഴ്ച 1.89 ശതമാനം ഉയര്‍ന്ന് 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്.

റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, വിവിധ സാമ്പത്തിക സേവനങ്ങള്‍, ടെലികോം, ഓയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ റിലയന്‍സിന് നിലവില്‍ സാന്നിധ്യമുണ്ട്.ടിസിഎസ് (15 ലക്ഷം കോടി), എച്ച്ഡിഎഫ്സി ബാങ്ക് (10.5 ലക്ഷം കോടി), ഐസിഐസിഐ ബാങ്ക് (ഏഴ് ലക്ഷം കോടി), ഇന്‍ഫോസിസ് (ഏഴ് ലക്ഷം കോടി) എന്നിങ്ങനെയാണ് വിപണിമൂല്യത്തില്‍ മുന്‍നിരയിലുള്ള കമ്പനികള്‍.

രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2005 ഓഗസ്റ്റില്‍ ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം നേടിയ കമ്പനി 2019ല്‍ പത്ത് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.രണ്ട് ആഴ്ചക്കുള്ളില്‍ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയിലേറെ വര്‍ധനവാണുണ്ടായത്. 2024 ജനുവരിക്കുശേഷം ഓഹരി വില 14 ശതമാനം ഉയരുകയും ചെയ്തു.

Top