ന്യൂഡല്‍ഹി: അത്യാകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചതോടെ ടെലികോം മേഖലയിലെ എതിരാളികള്‍ക്ക് അടിപതറി തുടങ്ങി.
പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരികള്‍ കൂപ്പുകുത്തി.
ഒന്‍പത് ശതമാനം വരെയാണ് ഓഹരികളുടെ വിലയിടിഞ്ഞത്.പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനിയുടെ 42ാം വാര്‍ഷിക അവലോകന യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രസംഗിച്ച 45 മിനിറ്റുകള്‍ക്കുള്ളില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികളില്‍ മാത്രം 12,000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഐഡിയ സെല്ലുലാറിന്റെ ഓഹരികളില്‍ ഈ സമയത്തിനുള്ളില്‍ 2,800 കോടി രൂപുയുടെ മൂല്യ നഷ്ടവുമുണ്ടായി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ഭാരതി എയര്‍ടെല്ലിന്റെ ഓഹരി മൂല്യം 8.99 ശതമാനം ഇടിഞ്ഞ് 302 രൂപയിലെത്തി.
ഉപഭോക്താക്കളുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയായ ഐഡിയ സെല്ലുലാറിന്റെ ഓഹരി മൂല്യം 9.09 ശതമാനം ഇടിഞ്ഞ് 85 രൂപയിലെത്തി.
കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടെ ഐഡിയ സെല്ലുലാറിന്റെ ഓഹരി മൂല്യം ഇത്ര താഴുന്നത് ഇതാദ്യമാണ്. രാജ്യത്തെ നാലാമത്തെ വലിയ കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഓഹരി മൂല്യം 6.49 ശതമാനം ഇടിഞ്ഞ് 50.40 രൂപയിലുമെത്തി.
രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍ ഓഫറുകളുമായാണ് ജിയോ 4ജി എത്തുന്നത്.