കൊച്ചി: കേബിള്‍ ടിവി രംഗത്തെ വന്‍സാധ്യത നോട്ടമിട്ട് ഓണത്തിന് റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ കേരളത്തിലെത്തുന്നു. കൊച്ചി, കൊല്ലം, കോഴിക്കോട് മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഇതിനായി നഗരങ്ങള്‍ക്കു പുറമെ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 288 സ്ഥലങ്ങളില്‍ തുടങ്ങാനാണ് പദ്ധതി. 50 കേന്ദ്രങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിച്ചു കഴിഞ്ഞു.
ഒറ്റ കണക്ഷനില്‍ മൊബൈല്‍ഫോണ്‍, ലാന്‍ഡ് ഫോണ്‍ ഇന്റര്‍നെറ്റ്, ടിവി എന്നിവ ഹൈസ്പീഡില്‍ ലഭിക്കുന്ന പദ്ധതിയാണ് റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍കണക്ഷന്‍. അതിവേഗ ഡൗണ്‍ലോഡിങ്ങും നടക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള കണക്ഷന്‍ വീടുകളില്‍ സ്ഥാപിക്കുന്ന സെറ്റ് ടോപ് ബോക്‌സിലേക്ക് കൊടുക്കും. അവിടെനിന്ന് ലാന്‍ഡ് ഫോണ്‍, ടിവി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഡെസ്‌ക്ടോപ് എന്നിവയിലേക്ക് വൈഫൈ മുഖാന്തരം കണക്ഷന്‍ സാധ്യമാകും.
ഒരേസമയം മൊബൈല്‍ ഫോണുള്‍പ്പെടെ ഒരു വീട്ടില്‍ 44 ഉപകരണങ്ങളിലേക്ക് ഡാറ്റ കൈമാറി ഉപയോഗിക്കാന്‍ പറ്റും. സ്മാര്‍ട്ട് ടിവിയിലേക്ക് മാത്രമല്ല സാധാരണ ടിവിയിലേക്കും പ്രത്യേക സംവിധാനത്തിലൂടെ കണക്ഷന്‍ എത്തിക്കാം. ടിവി പരിപാടികള്‍ പിന്നീട് കാണാന്‍ സേവ് ചെയ്ത് വയ്ക്കാനും സാധിക്കും. പ്രതിമാസം 1100 ജി.ബി. ഡാറ്റയാണ് ലഭിക്കുക. തുടക്കത്തില്‍ 100 ജി.ബി നല്‍കും. ആവശ്യത്തിനനുസരിച്ച് 45 ജി.ബി വീതം 1100 ജി.ബി വരെ ടോപ് അപ് ചെയ്യാം. ഇപ്പോള്‍ ഈ സേവനം സൗജന്യമാണ്. മാസങ്ങള്‍ കഴിഞ്ഞാവും താരിഫ് തീരുമാനിക്കുക.