ബംഗുളൂരു: കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടകയില്‍ നെല്ല് സംഭരിക്കാന്‍ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്. എപിഎംസി നിയമഭേദഗതിക്ക് ശേഷം ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി കാര്‍ഷിക വിള സംഭരണത്തിന് വേണ്ടി രംഗത്തെത്തുന്നത്. റായ്ച്ചൂര്‍ ജില്ലയിലെ സിന്ധന്നൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്ന് 1000 ക്വിന്റല്‍ സോന മസൂരി നെല്ലാണ് ആദ്യഘട്ടത്തില്‍ സംഭരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡും സ്വസ്ത്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി(എസ്എഫ്പിസി)യുമായി കരാര്‍ ഒപ്പിട്ടിരുന്നു. 1100 കര്‍ഷകരാണ് പ്രൊഡ്യൂസിംഗ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ താങ്ങുവിലയേക്കാള്‍ 82 രൂപ അധികം നല്‍കിയാണ് നെല്ല് സംഭരിക്കുന്നത്.
സോന മസൂരിക്ക് ക്വിന്റലിന് 1868 രൂപയാണ് താങ്ങുവില. 1950 രൂപയാണ് റിലയന്‍സ് നല്‍കുന്നത്. ഗുണപരിശോധനക്ക് ശേഷം റിലയന്‍സ് നെല്ല് ഏറ്റെടുക്കുമെന്നും എസ്എഫ്പിസി അക്കൗണ്ടിലേക്ക് പണം നല്‍കുമെന്നും എസ്എഫ്പിസി എംഡി മല്ലികാര്‍ജുന്‍ വല്‍കദിന്നി പറഞ്ഞു. എസ്എഫ്പിസിയായിരിക്കും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കുക.