റഫാലില്‍ കരാര്‍ ഇല്ലാതെ അഴിമതിയോ ! രാഹുലിനെ പൊളിച്ചടുക്കി റിലയന്‍സ് . . .

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ പൊളിച്ചടുക്കി റിലയന്‍സ്. വിശദമായ മറുപടിയാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി പ്രതിപക്ഷത്തിന് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും കരാര്‍ ലഭിക്കാതെ എങ്ങനെ അഴിമതി നടത്തുമെന്ന് റിലയന്‍സ് ആരാഞ്ഞു. വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും വിദേശ കമ്പനികള്‍ ഇന്ത്യയിലെ പങ്കാളികളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണമെന്നില്ലെന്നും സിഇഒ രാജേഷ് ധിന്‍ഗ്ര വ്യക്തമാക്കി.

ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മിലാണ് കരാറുണ്ടാക്കിയിട്ടുള്ളതെന്നും, 126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനം നിര്‍മിക്കുന്നതിനായിരുന്നു ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് (എച്ച്എഎല്‍) പരിഗണിക്കപ്പെട്ടിരുന്നത്, അതു സംബന്ധിച്ച കരാര്‍ ഇതുവരെ ആയിട്ടില്ലെന്നും റിലയന്‍സ് ചൂണ്ടിക്കാട്ടി.

കരാര്‍ പ്രകാരമുള്ള കയറ്റുമതി ബാധ്യത നിറവേറ്റാനാണ് റിലയന്‍സുമായി വിമാനക്കമ്പനി കരാറിലേര്‍പ്പെട്ടിട്ടുള്ളത്. വിദേശ കമ്പനിയാണ് അവയുടെ ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. പ്രതിരോധ വകുപ്പിന് ഇതില്‍ യാതൊരു പങ്കുമില്ല. ആയുധ ഇടപാടുകളുടെ നടപടിക്രമത്തില്‍ 2005 ല്‍ ആണ് കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ ആദ്യമായി ഉള്‍പ്പെടുത്തിയത്. അതിന്‍ പ്രകാരം വിദേശ കമ്പനിക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. 2005 മുതല്‍ ഇങ്ങനെയാണ് നടന്നുവരുന്നതെന്നും രാജേഷ് ധിന്‍ഗ്ര പറഞ്ഞു.

ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെന്നും, റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്നും, കയറ്റുമതി ബാധ്യത നിറവേറ്റാന്‍ എച്ച്എഎല്‍, ബിഇഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ അടക്കം നൂറോളം ഇന്ത്യന്‍ കമ്പനികള്‍ക്കാണു കരാര്‍ ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

30,000 കോടിയല്ല, യഥാര്‍ഥത്തില്‍ 1.3 ലക്ഷം കോടിയുടെ കരാറാണ് റിലയന്‍സിനു ലഭിച്ചിരിക്കുന്നതെന്ന പ്രചാരണവും അസംബന്ധമാണെന്ന് രാജേഷ് ധിന്‍ഗ്ര പറഞ്ഞു.

Top