കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
പ്രദേശത്ത് മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകളാണ് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരിക്കുന്നത്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നത്.
നിരവധി വീടുകള്‍ നിലം പൊത്തി. തലശ്ശേരി, കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ വൈദ്യുതിയും ഇല്ല. ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. രണ്ട് പാലങ്ങള്‍ അപകടാവസ്ഥയിലാണ്. വയനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങളും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാടുമായി ഒരു ഗതാഗത ബന്ധവും സാധ്യമല്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
ഇന്ന് മാത്രം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 20 പേര്‍ മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. മലപ്പുറത്ത് മൂന്ന് പേര്‍ മരിച്ചു. പലരുടെയും രണ്ടാം നിലയിലടക്കം വെള്ളം കയറിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഓരോ ജില്ലകളിലും കുടുങ്ങിയിരിക്കുകയാണ്. ഒരുപാട് പേര്‍ ഫെയ്‌സ്ബുക്കില്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ലൈവില്‍ എത്തുന്നുണ്ട്. കണ്ണൂര്‍ അമ്പത്തോട് വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി. പുഴകള്‍ക്ക് സമീപത്തുള്ള ആളുകള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.