മുംബൈ ഇന്ത്യന്‍സിന് ആശ്വാസം;ഇടവേള എടുത്ത ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസം. പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും ഇടവേള എടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മൈതാനത്തേക്ക് തിരിച്ചെത്തി. ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെയാണ് പാണ്ഡ്യയുടെ തിരിച്ചുവരവ്.

ടൂര്‍ണമെന്റില്‍ റിലയന്‍സ് 1 എന്ന ടീമിനെയാണ് അദ്ദേഹം നയിച്ചത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന്റെ ടീമംഗങ്ങളായ തിലക് വര്‍മ, നെഹാല്‍ വധേര, ആകാശ് മധ്വാള്‍, പിയൂഷ് ചൗള എന്നിവരും ഈ ടീമിന്റെ ഭാഗമായിരുന്നു. റിലയന്‍സ് 1 ന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ഹാര്‍ദിക് മൂന്നോവറുകള്‍ ബൗള്‍ ചെയ്തു. 22 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുംബൈയെ നയിക്കാന്‍ പൂര്‍ണ ഫിറ്റ്‌നസോടെയാണ് താന്‍ ഐപിഎല്ലിലെത്തുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് പാണ്ഡ്യ.

ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം പാണ്ഡ്യ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷം കളത്തില്‍ തിരിച്ചെത്തിയ പാണ്ഡ്യ മിന്നുന്ന പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഡി വൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്.

Top