മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും.

‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരില്‍ അഭിഭാഷകന്‍ പ്രദീപ് മോദിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി രാഹുല്‍ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്തു.

രാഹുലിന് ഇനി കീഴ്ക്കോടതിയില്‍ ഹാജരാകേണ്ടിവരില്ല. ഈ കേസില്‍ അപേക്ഷകനായ പ്രദീപ് മോദിക്ക് കോടതി നോട്ടീസ് അയച്ചു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗുജറാത്തിലെ സൂറത്ത് കോടതി മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. കോടതി വിധി വന്ന് ഒരു ദിവസത്തിന് ശേഷം കോണ്‍ഗ്രസ് നേതാവിനെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

Top