രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ, എംപിയായി തുടരാം

ദില്ലി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

രാഹുലിനായി മനു അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ വാദിച്ചത്. ഇരു വിഭാഗങ്ങള്‍ക്കും വാദിക്കാന്‍ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിന്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീര്‍ത്തി പെടുത്താനാണ് പരാമര്‍ശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.

എന്നാല്‍ പറ്റിയ തെറ്റ് തിരുത്താനുള്ള മാന്യത പുലര്‍ത്താത്ത സമീപനം ആണ് രാഹുലിന്റെത് എന്ന് പരാതിക്കാരന്‍ പൂര്‍ണേഷ് മോദി വാദിച്ചു. ഗുജറാത്തില്‍ ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പരാമര്‍ശം തെറ്റാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം കേസിനെ രാഷ്ട്രീയമാക്കി മാറ്റാന്‍ അനുവദിയ്ക്കില്ലെന്ന് സിംഗ്വിയോട് കോടതി ഓര്‍മിപ്പിച്ചു.

കീഴ്ക്കോടതി വിധി പരിശോധിക്കുന്ന ഘട്ടത്തില്‍, പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Top