സംസ്ഥാനത്ത് മഴയ്ക്ക് ശമനം; പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി തുടരും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാനത്ത് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട് നല്‍കിയിരുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ അലെര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല.

അതേസമയം, നാളെ കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസര്‍കോടും മറ്റെന്നാളും മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഈ മാസം 14-ാം തീയതിവരെ വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Top