കൊച്ചി: യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ മുഹമ്മദ് റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കൊച്ചിയിലെത്തിക്കുമെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.
ജിദ്ദയില്‍ നിന്ന് കൊളംബോ വഴി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നടപടി. നേരത്തേ വിവരം ലഭിച്ചതനുസരിച്ച് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച റിയാസിനെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ ചെന്നൈ ഓഫിസിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നേരത്തേ പിടിയിലായ പറവൂര്‍ സ്വദേശികളായ ഫയാസ്, സിയാദ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കടത്തിയ തന്നെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. പെണ്‍കുട്ടിയെ പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് ആരോപണവിധേയനായ മുഹമ്മദ് റിയാസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിവാഹത്തിന്റെ പേരില്‍ താനും കുടുംബവും ബന്ധുക്കളും ഒട്ടേറെ ബുദ്ധിമുട്ടുകളും മതതീവ്രവാദികളില്‍നിന്നുള്ള ഭീഷണിയും നേരിടുന്നതായി ഇയാള്‍ പറഞ്ഞു.