പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഒഐസിയുടെ നിലപാട് തള്ളി ഇന്ത്യ. മതസ്വാതന്ത്ര്യം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചില പ്രസ്താവന രാജ്യത്തിന്റെ നിലപാടല്ലെന്നും ഇന്ത്യ വ്യക്തമാക്കി.
അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു . നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി നടപടിയെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തു.
ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. പിന്നീട് പ്രസ്താവന പിൻവലിച്ചു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ നുപുർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.
ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്ന് നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.