മരംമുറിക്കല്‍ കേസ്; വിവരാവകാശ രേഖകള്‍ നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെയാണ് സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്ക് മാറ്റിയത്.

ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. ഈ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിന്ദു ആര്‍.ആറിനെ റവന്യൂ വകുപ്പിലേക്ക് മാറ്റിയിട്ടുമുണ്ട്. ഉദ്യോഗസ്ഥയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയെ ശാസിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ അവരോട് നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇവര്‍ക്ക് നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കാന്‍ തീരുമാനിച്ചത്. നടപടി വിവാദമായതോടെ ജയതിലക് ഐ.എ.എസ് ഇറക്കിയ ഉത്തരവ് തിങ്കളാഴ്ച തിരുത്തിയിരുന്നു.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട രേഖകളാണ് നിയമപ്രകാരം ഒ ജി ശാലിനി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ രംഗത്തെത്തിയിരുന്നു.

Top