രാജീവ് രവി സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് ചിത്രം കമ്മട്ടിപ്പാടം റീമേക്കിനൊരുങ്ങുന്നു.ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഹിന്ദിയില്‍ അര്ജുന് കപൂറിനെയും തെലുങ്കില്‍ നാഗാര്‍ജ്ജുനയുടെ മകന് അഖില്‍ അക്കിനേനിയെയുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ദുല്‍ഖര്‍ നായകനായ ചിത്രം കേരളത്തില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.അതിനാല്‍ തന്നെ ചിത്രത്തിന്റെ റീമേക്കുകള്ക്കുളള സാധ്യതയും ചര്‍ച്ച ചെയ്ത് വരികയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.എന്നാല്‍ നായകനെ സംബന്ധിച്ച് അവസാന തീരുമാനം ആയിട്ടില്ലെന്നും അര്ജുന് കപൂറുമായും അഖിലുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചനകള്‍.
ഛായാഗ്രഹകനില്‍ നിന്ന് സംവിധാന രംഗത്തേക്ക് എത്തിയ രാജീവ് രവിയുടെ മൂന്നാമത്തെ ചിത്രമാണ് കമ്മട്ടിപ്പാടം.ധാരാളം ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച് പരിചയമുളളതിനാല്‍ ഹിന്ദിയില്‍ ചിത്രം ഒരുക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്തേക്കുമെന്നും സൂചനകളുണ്ട്.കൊച്ചി നഗരത്തില്‍ നിന്ന് അപ്രത്യക്ഷമായി പോകുന്ന കമ്മട്ടിപ്പാടം എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ രാജീവ് രവി പറയുന്നത്.പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.