കണ്ണീരുകൊണ്ടല്ല, ഒരു പുഞ്ചിരിയോടെ ഓർക്കുക; റിഷി കപൂറിന്റെ കുടുംബാംഗങ്ങള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂറിനെ കണ്ണീരുകൊണ്ടല്ല, മറിച്ച് പുഞ്ചിരിയോടെയാകണം ഓര്‍മിക്കേണ്ടതെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ച് കുടുംബാംഗങ്ങള്‍.

ഇന്ന് രാവിലെ താരം അന്തരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

സംവിധായകനും നടനുമായിരുന്ന രാജ് കപൂറിന്റെ മകനായ ഋഷിയുടെ ഭാര്യ നീതു കപൂര്‍, മകന്‍ രണ്‍ബീര്‍ കപൂര്‍,മുതിര്‍ന്ന സഹോദരന്‍ രണ്‍ധീര്‍ കപൂര്‍, അനന്തിരവള്‍മാരായ കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവര്‍ ഇന്ത്യന്‍ സിനിമ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്.


കുടുംബത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

‘രക്താര്‍ബുദത്തിനെതിരായ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഋഷി കപൂര്‍ ഇന്ന് രാവിലെ 8.45ന് ആശുപത്രിയില്‍ സമാധാനപൂര്‍വ്വം വിടവാങ്ങി. അവസാന നിമിഷം വരെ തങ്ങളെ രസിപ്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയയെതന്ന് ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും ഓര്‍മിക്കുന്നു.

രണ്ട് വന്‍കരകളിലായി രണ്ട് വര്‍ഷമായി തുടരുന്ന ചികിത്സക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടും സന്തോഷവാനായും അദ്ദേഹം നിലകൊണ്ടു. കുടുംബം, സുഹൃത്തുക്കള്‍, ഭക്ഷണം, സിനിമ എന്നീ കാര്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ആ സമയത്ത് കണ്ടുമുട്ടിയ എല്ലാവരും അസുഖം അദ്ദേഹത്തിന്റെ ശീലങ്ങളെ ബാധിച്ചില്ലെന്ന കാര്യം കണ്ട് അതിശയിച്ചു. ലോകത്താകമാനമുള്ള ആരാധകരുടെ സ്‌നേഹത്തില്‍ അദ്ദേഹം നന്ദിയുള്ളവനായിരുന്നു. വിടവാങ്ങിയ വേളയില്‍ കണ്ണീരോടെയല്ല, പുഞ്ചിരിയോടെ ഓര്‍ക്കുന്നതാണ് അദ്ദേഹത്തിനിഷ്ടമെന്നത് അവര്‍ക്കറിയാം.

വ്യക്തിപരമായ നഷ്ടത്തിന്റെ ഈ വേളയില്‍ ലോകം വളരെ ദുഷ്‌കരവും അപകടകരവുമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നറിയാം. സഞ്ചാരത്തിനും പൊതു ഒത്തുകൂടലുകള്‍ക്കും നിരവധി നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് എല്ലാ ആരാധകരോടും സുഹൃത്തുക്കളോടും നിയമത്തെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറിച്ചൊന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല’.

Top