കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കേസിനെ പൊലീസും സര്‍ക്കാരും ഗൗരവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. പൊലീസിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള അവസരം നല്‍കുകയാണ് വേണ്ടത്.
പൊലീസിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കേസ് അന്വേഷണം വഴിതെറ്റിക്കാനേ ഇടയാക്കൂകയുള്ളൂ. ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
കുറ്റവാളികളെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും ചെന്നിത്തല പറഞ്ഞു. ശക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണ് അന്വേഷണത്തിന് സമയം കൂടുതല്‍ എടുക്കുന്നത്.
ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദര്‍ശിക്കരുത് എന്നാണ് പൊലീസ് തന്നോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, ആ എതിര്‍പ്പ് മറികടന്നാണ് താന്‍ ആശുപത്രിയില്‍ എത്തിയത്.
അല്ലാതെ താന്‍ വിഷയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പിയോട് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജിഷയുടെ മരണത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്. ഈ സംഭവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.