പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെട്ടി വിശാല ഐ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഷ്ട്രീയ ഗുരുവായ ലീഡര്‍ കെ.കരുണാകരനനെ വെട്ടി തിരുത്തല്‍വാദത്തിലൂടെ കോണ്‍ഗ്രസില്‍ പുതിയ താരമായി വളരുകയും വിശാല ഐ ഗ്രൂപ്പ് നേതാവായി പ്രതിപക്ഷ നേതൃസ്ഥാനം നേടുകയും ചെയ്ത ചെന്നിത്തലയെയാണ് ചരിത്രം തിരിഞ്ഞുകുത്തുന്നത്.
കേരള മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ കരുത്തനായി വാണ ലീഡര്‍ കെ.കരുണാകരന്‍ സ്വന്തം ഇലയില്‍ നിന്നും ഊണുകഴിക്കാനുള്ള സ്വാതന്ത്ര്യവും വാത്സല്യവും പകര്‍ന്നു നല്‍കിയ യുവനേതാവായിരുന്നു ചെന്നിത്തല. 1986ല്‍ 29-ാം വയസിലാണ് രമേശിനെ ലീഡര്‍ കെ.കരുണാകരന്‍ മന്ത്രിയാക്കിയത്.
കെ.കരുണാകരന്‍ വാഹനാപകടത്തില്‍പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ലീഡറെ കൈവിട്ട് തിരുത്തല്‍വാദവുമായി രംഗത്തെത്തുകയായിരുന്നു രമേശ് ചെന്നിത്തല. ഒടുവില്‍ കോണ്‍ഗ്രസുമായി പിണങ്ങി ലീഡര്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ ഹൈക്കമാന്റ് പിന്തുണയോടെ കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ പഴയ ഐ ഗ്രൂപ്പിന്റെ നേതാവായി.
കരുണാകരനും മുരളീധരനും കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോഴും വിശാല ഐ ഗ്രൂപ്പ് നേതൃത്വം രമേശിന്റെ കൈകളിലായിരുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രമേശ് ചെന്നിത്തലയുടെ നിഴലായി നിന്ന കെ.സി വേണുഗോപാലാണ് ഇപ്പോള്‍ രമേശ് ചെന്നിത്തലക്ക് ഭീഷണി ഉയര്‍ത്തുന്നത്.
രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും വിശ്വസ്ഥനാണിപ്പോള്‍ കെ.സി വേണുഗോപാല്‍. കര്‍ണാടകയില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരുണ്ടാക്കിയതും. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരുകളുണ്ടാക്കുന്നതിലും കെ.സിയുടെ പാടവം ഹൈക്കമാന്റ് അംഗീകരിച്ചതാണ്.
രമേശ് ചെന്നിത്തലക്കൊപ്പം മൂന്നാം ഗ്രൂപ്പിലും വിശാല ഐ ഗ്രൂപ്പിലും നിഴലായി നിന്ന കെ.സി ഇപ്പോള്‍ രമേശ് ചെന്നിത്തലയേക്കാളും വലിയ നേതാവായിരിക്കുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായ കെ.സിക്കു പിന്നാലെയാണ് ഇപ്പോള്‍ വിശാല ഐ ഗ്രൂപ്പിലെ എം.എല്‍.എമാര്‍.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്. യു.ഡി.എഫിലെ മുഖ്യകക്ഷികളായ മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും ചെന്നിത്തലയോട് വലിയ പ്രതിപത്തിയില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി മടങ്ങിയെത്തണമെന്ന നിലപാടാണ് ലീഗിനും കെ.എം മാണിക്കും.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറിയാല്‍ കോണ്‍ഗ്രസില്‍ ചെന്നിത്തലക്ക് കാര്യമായ സ്ഥാനം ഉണ്ടാവില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരിക്കുന്നതിനാല്‍ പാര്‍ട്ടിയില്‍ കാര്യമായ പരിഗണന പ്രതീക്ഷിക്കേണ്ട.
ഹൈക്കമാന്റ് കെ.സി വേണുഗോപാലിനൊപ്പമായതിനാല്‍ വിശാല ഐ ഗ്രൂപ്പ് കെ.സിക്കൊപ്പമാണ്. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ അടക്കം വലിയൊരു വിഭാഗം ഇപ്പോഴേ കെ.സി വേണുഗോപാലിനൊപ്പമാണ്. എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കും ഇപ്പോള്‍ ചെന്നിത്തലയേക്കാള്‍ പ്രിയങ്കരന്‍ സമുദായാംഗം കൂടിയായ കെ.സി തന്നെ. അതിനാല്‍ ചെന്നിത്തലക്ക് താക്കോല്‍ സ്ഥാനത്തിനു വേണ്ടിയുള്ള മുറവിളി ഇനി എന്‍.എസ്.എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല ശോഭിക്കുന്നില്ലെന്ന പരാതി കോണ്‍ഗ്രസിലും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലുമുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരിക്കെ എം.എല്‍.എയായി മത്സരിച്ച് ആഭ്യന്തരമന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയതില്‍ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് എ ഗ്രൂപ്പിനും ചെന്നിത്തലയോട് കടുത്ത അതൃപ്തിയുമുണ്ട്.
ഐ ഗ്രൂപ്പില്‍ പ്രവര്‍ത്തക അംഗീകാരമുള്ള കെ.മുരളീധരനും ചെന്നിത്തലയോട് അതൃപ്തിയുണ്ട്. ഇവ ഒന്നിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും ചെന്നിത്തലയുടെ പടിയിറക്കത്തിനും വിശാല ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ കെ.സി വേണുഗോപാലിന്റെ സ്ഥാനാരോഹണത്തിനും രാഷ്ട്രീയ കേരളം സാക്ഷ്യംവഹിക്കും.
Political reporter